PayWave, PayPass സാങ്കേതികവിദ്യകൾ അടങ്ങുന്ന കാർഡിൽ നിന്ന് പണം മോഷ്ടിക്കുന്ന പുതിയ രീതി.

എനിക്ക് വാട്സ്ആപ്പിൽ ലഭിച്ച ഒരു വീഡിയോ ഇവിടെ ചേർത്തിട്ടുണ്ട്. ഇതിൽ കാണിക്കുന്ന പ്രകാരം നമ്മൾ അറിയാതെ തന്നെ നമ്മുടെ പണം ചോർത്താൻ സാധിക്കും എന്ന് കാണാം. ഇത് എങ്ങനെ എന്ന് നോക്കാം.

ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഒരുവിധം എടിഎം/ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും കോൺടാക്ട് ലെസ്സ് പേയ്മെന്റ് ടെക്നോളജി ഉപയോഗിക്കുന്നുണ്ട്. ഈ പ്ലാസ്റ്റിക് കാർഡുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള RFID അല്ലെങ്കിൽ NFC ചിപ്പുകൾ ഉപയോഗിച്ച് ആണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

ഈ ടെക്നോളജി പ്രകാരം, നമുക്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ സ്വയ്പ്പ് ചെയ്യുകയോ പിൻ നമ്പർ അടിക്കുകയോ വേണ്ട. നമ്മുടെ കാർഡ്, അവിടെയുള്ള POS മെഷീനുമായി ഒന്ന് മുട്ടിച്ചാൽ മാത്രം മതി. രേഖപ്പെടുത്തിയ തുക നമ്മുടെ കാർഡിൽ നിന്നും പോകും. എന്നാൽ 2000 രൂപ വരെ മാത്രമേ ഒരു ട്രാന്സാക്ഷനിൽ ഇങ്ങനെ ചിലവഴിക്കാൻ സാധിക്കുകയുള്ളു.

തിരക്കുള്ള ഒരു പെട്രോൾ പമ്പിലോ അല്ലെങ്കിൽ ഒരു സൂപ്പർ മാർക്കറ്റിലോ ഒക്കെ വളരെ ഉപകാരപ്രദം ആയിരിയ്ക്കും ഈ ടെക്നോളജി. കാർഡ് ഉരയ്ക്കാനും പിൻ അടിക്കാനും അത് വെരിഫയ്‌ ചെയ്തു വരാൻ ഒന്നും കാത്തിരിക്കാതെ ഒന്ന് മുട്ടിച്ചാൽ മാത്രം മതി വളരെ വേഗം ട്രാൻസാക്ഷൻ നടത്താൻ.

പക്ഷെ എല്ലാ നല്ല കാര്യങ്ങളിലും ചിലർ ദുരുപയോഗം കണ്ടെത്തുന്നതു പോലെ ഇതിലും അങ്ങനെ ഒരു പ്രശനം ഉണ്ടായിരിക്കുന്നു. നമ്മൾ അറിയാതെ തന്നെ നമ്മുടെ അക്കൗണ്ടിൽ നിന്നും പൈസ എടുക്കുവാൻ ഒരു സാധ്യത ഇവിടെ കാണുന്നു.

ഈ വിഡിയോയിൽ കാണുന്നത് പോലെ സ്വയിപ്പിംഗ് മെഷീനിൽ തുക അടിച്ചു നമ്മൾ അറിയാതെ നമ്മുടെ പഴ്സിൽ മുട്ടിച്ചാൽ ഒരു സാധാരണ ട്രാൻസാക്ഷൻ പോലെ തന്നെ നമ്മുടെ കാർഡിൽ നിന്നും പൈസ പോകും.

നല്ല തിരക്കുള്ള ബസ്സിലോ ട്രെയിനിലോ ആണെങ്കിൽ ഇതിനുള്ള സാധ്യത കൂടുതൽ ആയിരിക്കും. മാത്രമല്ല ഫോണിൽ വരുന്ന മെസ്സേജ് ഒരുപക്ഷെ നമുക്ക് ചെക്ക് ചെയ്യാനും പറ്റില്ല. ദുബായ് പോലീസ് കുറച്ചു കാലം മുൻപ് ഏകദേശം ഇതേ രീതിയിൽ തട്ടിപ്പു നടക്കുന്നതിന്റെ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. എങ്കിലും ഇതിനെ പറ്റി അധികം വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല.

പലരും ഇത് സാധ്യമല്ല എന്ന് പറയുമ്പോഴും, എന്ത് കൊണ്ട് സാധ്യമല്ല എന്ന് പറയുന്നില്ല. വയർലെസ്സ് POS മെഷീനുകൾ ഇന്ന് നിലവിൽ ഉണ്ട്. അത് കയ്യിൽ പിടിച്ചു എവിടെയും കൊണ്ട് പോകുന്നതിനു പ്രത്യേഗിച്ചു തടസ്സം ഒന്നുമില്ല.  മാത്രമല്ല ഇത് ഉപയോഗിക്കുന്നത് കടയുടെ ഉള്ളിൽ ആണോ എന്ന് അറിയാനുള്ള വഴിയും ഇല്ല. അപ്പോൾ സാധാരണ ഒരു ട്രാൻസാക്ഷൻ പോലെ തന്നെ നടക്കുന്നത് കൊണ്ട് ഇത് നമ്മൾ അറിഞ്ഞു കൊണ്ടാണോ അറിയാതെ ആണോ എന്ന് കാർഡിന് തിരിച്ചറിയാൻ സാധിക്കില്ലല്ലോ.

പിന്നെ ഇത്തരത്തിൽ തട്ടിപ്പു നടന്നാൽ തന്നെ അത് ചെയ്തവരെ വളരെ എളുപ്പം കണ്ടു പിടിക്കാം എന്നൊക്കെ പറയും. കാരണം ഈ പണം POS മെഷീനിൽ ആഡ് ചെയ്തിരിക്കുന്ന അക്കൗണ്ടിലേക്ക് ആണ് പോകുക. അത് കൊണ്ട് ആ അക്കൗണ്ടും മെഷീൻ ഉപയോഗിച്ച ആളെയും ഒക്കെ കണ്ടുപിടിക്കാം എന്ന് പറയുന്നു. എന്നാൽ ഇങ്ങനെ തട്ടിപ്പിന് ഇറങ്ങുന്നവർ അതിനുള്ള വഴികളും നോക്കിയിട്ടായിരിക്കുമല്ലോ വരുന്നത്.

ഇപ്പോൾ തത്കാലം ഈ തരത്തിൽ ഉള്ള തട്ടിപ്പു നടന്നതായി വലിയ വാർത്തകൾ ഇല്ല. എന്നിരുന്നാലും ഇങ്ങനെ ഒരു സാധ്യത നാം മുന്നിൽ കാണേണ്ടിയിരിക്കുന്നു. അല്പം ശ്രെദ്ധിക്കുന്നത് നന്നായിരിക്കും.

ഓർക്കുക

 

  1. കാർഡ് ഒരിയ്ക്കലും മറ്റൊരാളുടെ കയ്യിൽ കൊടുക്കാതിരിക്കുക.
  2. POS മെഷീനിൽ ഉപയോഗിക്കുമ്പോൾ നിങ്ങൾ തന്നെ ടച്ച് അല്ലെങ്കിൽ പിൻ എന്റർ ചെയ്യുക.
  3. ബാങ്കിന്റെ/കാർഡിന്റെ എസ് എം എസ് അലെർട്സ് ആക്റ്റീവ് ആകുക, മെസ്സേജ് വരുമ്പോൾ കഴിയുമെങ്കിൽ ഉടനെ പരിശോധിക്കുക.
  4. ഏതെങ്കിലും രീതിയിൽ തട്ടിപ്പു നടന്നതായി കാണുകയാണെങ്കിൽ ഉടനെ ബാങ്കിൽ വിവരമറിയിക്കുക. 

നിങ്ങൾക്ക് ഈ വിവരം ഉപകാരപ്രദമായെങ്കിൽ തീർച്ചയായും മറ്റുള്ളവർക്കും പങ്കുവെക്കുക.